വാസ്കോ ഡ ഗാമ

വാസ്കോ ഡ ഗാമ



സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ് വാസ്കോ ഡ ഗാമ (1460/1469 - ഡിസംബർ 24, 1524, ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം:  1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്. കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ് എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ് കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ് കൊൻഡേസ് ഡ വിദിഗ്വിര എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർന്നു.

യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം, ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം, മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത് പേർഷ്യൻ,അറബി വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോർട്ടുഗലിലെ അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു.  ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും മതപരിവർത്തനത്തിനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.
കപ്പലോട്ടക്കാരനായ ഹെൻറി രാജകുമാരൻ എന്നപേരിൽ ലോകപ്രസിദ്ധനായ ഡ്യൂക്ക് ഡോം ഹെൻറിയുടെ സാഹസിക ജീവിതം ആ നാട്ടിലെ നാവികസഞ്ചാരങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും അടങ്ങാത്ത പ്രചോദനം നൽകി. ലിസ്ബൺ നഗരത്തിൽ അദ്ദേഹം നാവിക പരിശീലനകേന്ദ്രം സ്ഥാപിച്ചു. അതുവഴി നാവികവി പോർത്തുഗലിൽ സ്വീകാര്യമാക്കി.

നാവിക പ്രവർത്തനങ്ങൾക്കു പിന്നിൽ മതപരമായ ഒരു ഘടകംകൂടി ഉണ്ടായിരുന്നു. പ്രെസ്റ്റർ ജോൺ എന്നപേരിൽ ശക്തനായ ഒരു ക്രീസ്തീയ രാജാവ് ഇന്ത്യയിലോ ചൈനയിലോ അബിസീനിയയിലോ ഉണ്ടെന്നോ എന്നുള്ള ശക്തമായ വിശ്വാസം പോർത്തുഗീസുകാരിൽ വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൌരസ്ത്യദേശങ്ങൾ ഇസ്ലാമിന്റെ വരുതിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്യൻ രാജാക്കന്മാർക്ക് പ്രെസ്റ്റർ ജോൺ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ സന്തോഷഭരിതമായിരുന്നു. കരമാർഗ്ഗം പ്രെസ്റ്റർ ജോണിന്റെ രാജ്യം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എന്നിരുന്നാലും പരാജയത്തിൽ കലാശിച്ചുകൊണ്ടിരുന്നു. ഇത് കപ്പൽ മാർഗ്ഗം കൂടുതൽ സ്വീകാര്യമാക്കിത്തീർത്തു.

Comments

Popular posts from this blog

ഡേവിഡ് ലിവിങ്സ്റ്റൺ

പെഡ്രോ അൽവാരിസ് കബ്രാൾ

ഷാക്ക് കാത്തിയേർ