അബ്രഹാം ലിങ്കൺ

അബ്രഹാം ലിങ്കൺ



അമേരിക്കൻ ഐക്യനാടുകളുടെ 16-ആം പ്രസിഡന്റാണ്‌ എബ്രഹാം ലിങ്കൺ.(ഫെബ്രുവരി 12, 1809 – ഏപ്രിൽ 15, 1865).അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും വലിയ ആഭ്യന്തര പ്രതിസന്ധിയായിരുന്ന അമേരിക്കൻ സിവിൽ യുദ്ധകാലത്ത് രാജ്യത്തെ വിജയകരമായി മുന്നോട്ട് നയിച്ച നേതാവായിരുന്നു എബ്രഹാം ലിങ്കൺ. അമേരിക്കയിലെ അടിമത്തത്തിനെതിരെയുള്ള പോരാട്ടത്തിന്റെ മുഖ്യനായകനായിരുന്ന അദ്ദേഹം 1860 ൽ നടന്ന തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ച് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.അമേരിക്കൻ ഐക്യനാടുകളുടെ ആദ്യത്തെ റിപ്പബ്ലിക്കൻ പ്രസിഡന്റായിരുന്നു ലിങ്കൺ.പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നതിനു മുൻപ് അഭിഭാഷകൻ, ഇല്ലിനോയി സംസ്ഥാനത്തിൽ നിയമസഭാസാമാജികൻ, അമേരിക്കൻ കോൺഗ്രസ്സിലെ അധോമണ്ഡലമായ ഹൗസ് ഓഫ് റെപ്രസെന്റ്റേറ്റീവ്സ് അംഗം, പോസ്റ്റ്മാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അമേരിക്കൻ ആഭ്യന്തര യുദ്ധം, വിഘടനവാദ നിലപാടുകൾ പുലർത്തിയിരുന്ന അമേരിക്കൻ കോൺഫെഡറേറ്റ് സംസ്ഥാനങ്ങളുടെ തോൽവി എന്നിവകൊണ്ട് സംഭവബഹുലമായിരുന്നു അദ്ദേഹത്തിന്റെ പ്രസിഡൻസി കാലഘട്ടം. പ്രസിഡന്റായിരിക്കെ അടിമത്തം അവസാനിപ്പിക്കുന്നതിനായി ശക്തമായ നിലപാടു കൈക്കൊണ്ട ലിങ്കൺ സ്വീകരിച്ച പ്രധാന നിയമ നടപടിയാണ്‌ 1863-ലെ വിമോചന വിളം‌ബരം അഥവ Emancipation Proclamation.അമേരിക്കൻ ഐക്യനാടുകളിൽ അടിമത്തം പൂർണ്ണമായും നിരോധിച്ച ഭരണഘടനയുടെ പതിമൂന്നാം ഭേദഗതിക്കുള്ള അടിസ്ഥാനമായി മാറി ഈ വിമോചന വിളം‌ബരം

1865 ഏപ്രിൽ 14 വെള്ളിയാഴ്ച്ച വാഷിങ്ടൺ, ഡി.സി.യിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച്,നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ്‌ ലിങ്കൺ മരണമടഞ്ഞത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡന്റുമാണ് അബ്രഹാം ലിങ്കൺ.

ഇന്ത്യയുടെ തപാൽ സ്റ്റാമ്പിൽ ഇടം പിടിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ.

1809 ഫെബ്രുവരി 12 -ന്‌ കെന്റക്കി സംസ്ഥാനത്തെ ഹാർഡിൻ കൗണ്ടിയിലെ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിൽ തോമസ് ലിങ്കണിന്റേയും നാൻസി ഹാങ്ക്സിന്റെയും മകനായാണ്‌ അബ്രഹാം ലിങ്കൺ ജനിച്ചത്.അപ്പലേഷിയൻ മലനിരകളുടെ പടിഞ്ഞാറു ഭാഗത്ത് ജനിച്ച ആദ്യത്തെ അമേരിക്കൻ പ്രസിഡന്റാണ് ലിങ്കൺ. വിർജീനിയയിൽ ജനിച്ച ലിങ്കണിന്റെ മാതാപിതാക്കൾ ഇടത്തരം കർഷകകുടുംബത്തിലെ അംഗങ്ങളായിരുന്നു.അദ്ദേഹത്തിന്റെ മുത്തച്ഛനായിരുന്ന അബ്രഹാം ലിങ്കൺ 1780-കളുടെ ആദ്യപാദത്തിൽ വിർജീനിയയിലെ റോക്കിങ്ങ്ഹാം കൗണ്ടിയിൽ നിന്നും കെന്റക്കിയിലേക്ക് കുടിയേറി.തോമസ്, സാറ എന്നു പേരായ രണ്ടു സഹോദരങ്ങളായിരുന്നു ലിങ്കണ്‌.പ്രായത്തിൽ ലിങ്കണേക്കാൾ ഇളയതായിരുന്ന തോമസ് 1812 ലും 2 വർഷം മൂത്ത സഹോദരി സാറ 1828-ലും മരണമടയുകയുണ്ടായി.1816-ൽ ഒരു കോടതി വ്യവഹാരത്തിൽ വസ്തുപ്രമാണത്തിലെ ചില സാങ്കേതികപ്രശ്നങ്ങൾ കാരണം ലിങ്കൺ കുടുംബത്തിന്‌ സിങ്കിങ്ങ് സ്പ്രിങ്ങ് ഫാമിനുമേലുള്ള അവകാശം നഷ്ടമായി. അതോടെ തന്റെ കുടുംബത്തെ ഇൻഡ്യാന സംസ്ഥാനത്തെ സ്പെൻസർ കൗണ്ടിയിലേക്ക് പറിച്ചുനടേണ്ടി വന്നു തോമസ് ലിങ്കണ്‌.1818 ഒക്ടോബർ അഞ്ചാം തിയതി, അബ്രഹാം ലിങ്കണിന്റെ ഒൻപതാം വയസ്സിൽ അമ്മ നാൻസി പശുവിൽ പാലിൽ നിന്നുള്ള വിഷബാധയേറ്റ് മരണമടഞ്ഞു.അതേവർഷം തന്നെ പിതാവ് തോമസ് , കെന്റക്കിയിലെ എലിസബത്ത് ടൗണിൽ നിന്നുള്ള വിധവയായ സാലി ബുഷ് ജോൺസ്റ്റണെ വിവാഹം കഴിച്ചു.[5]1830-ൽ ഇൻഡ്യാനയിൽ വച്ച് സാംബത്തികവും വസ്തുപ്രമാണങ്ങൾ സംബന്ധിച്ചുള്ളതുമായ കൂടുതൽ പ്രശ്നങ്ങൾ നേരിടേണ്ടി വന്നതു കാരണം ലിങ്കൺ കുടുംബം വീണ്ടും ഇല്ലിനോയി സംസ്ഥാനത്തെ മേക്കൺ കൗണ്ടിയിലേക്ക് മാറി താമസിക്കേണ്ടി വന്നു. തന്റെ 22-ആം വയസ്സിൽ അബ്രഹാം ലിങ്കൺ, സ്വന്തം നിലയിൽ ഒരു ജീവിതം പടുത്തുയർത്താനുറച്ച് വീടു വിട്ടിറങ്ങി സാംഗമൺ നദീമാർഗ്ഗം ന്യൂ സെയ്‌ലം എന്ന ഇല്ലിനോയി ഗ്രാമത്തിലേക്ക് തിരിച്ചു. അവിടെ വച്ച് ഡെന്റൺ ഒഫ്യൂറ്റ് എന്ന കച്ചവടക്കാരന്റെ കീഴിൽ ,നദീമാർഗ്ഗം ചരക്കു കോണ്ടുപോകുന്ന തൊഴിലാളിയായി പ്രവർത്തിച്ചു.

Comments

Popular posts from this blog

ഡേവിഡ് ലിവിങ്സ്റ്റൺ

പെഡ്രോ അൽവാരിസ് കബ്രാൾ

ഷാക്ക് കാത്തിയേർ